മണ്‍സൂണിന്റെ കവാടവും മഴയുടെ സ്വന്തം നാടുമായ കേരളത്തിൽ വാർഷിക മഴയുടെ എഴുപതു ശതമാനവും ലഭിക്കേണ്ട ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിവിധ ജില്ലകളിലായി 23 മുതൽ 36 ശതമാനം വരെയാണ് മഴ കുറഞ്ഞത്. സംസ്ഥാനത്താകെ 13 ശതമാനം മഴ കുറഞ്ഞു. 2026 മാർച്ച് ഒന്നു മുതൽ മേയ് 31 വരെ പത്ത് ശതമാനം കുറവുണ്ടായി. അതേസമയം, ജൂണ്‍ ഒന്നു മുതൽ ജൂലൈ 14 വരെ 31 ശതമാനം കുറവുണ്ടായി. ജൂണിൽ 40 ശതമാനം കുറവാണുണ്ടായത്.
ഇപ്പോൾ കുറഞ്ഞ കാലയളവിൽ ചെറിയ പ്രദേശത്ത് വലിയ മഴയെന്ന നിലയിൽ കാലാവസ്ഥാ മാറ്റമുണ്ടായിട്ട് ഒരു ദശകത്തിലധികം വർഷമാകുന്നു. 2016ലെ വലിയ വരൾച്ചയും 201ലെ ഓഖിയും 2018ലെ പ്രളയവും 2019, 2020, 2021, 2024 വർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടലുകളുമെല്ലാം മഴയേൽപ്പിച്ച മുറിവുകളാണ്. കഴിഞ്ഞ പത്തുവർഷമായി മഴ നമുക്ക് ഭീതിയാണ് നൽകുന്നത്.
മലനിരകളിലെ മഴക്കുറവ്
മലനിരകളിലാണ് കൂടുതൽ മഴ ലഭിച്ചിരുന്നത്. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളിൽ താരതമ്യേന മഴക്കുറവാണ് ലഭിച്ചത്. വന ആവാസ വ്യവസ്ഥയിലെ മഴ കുറവ് വന്യമൃഗങ്ങളെ വേനൽക്കാലങ്ങളിൽ നാട്ടിലെത്തിക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്.
വേനൽമഴയിലും ഈ വർഷം വലിയ കുറവാണ് അനുഭവപ്പെട്ടത്. വേനൽ മഴയിലെ 10 ശതമാനവും ജൂണിലെ 40 ശതമാനവും ജൂലൈയിലെ 14 ശതമാനവും മഴ കുറവ് കാണിക്കുന്നത് ശുഭലക്ഷണമല്ല. ഇതുവരെ ലഭിക്കാതെപോയ മഴ ഒന്നിച്ചു വന്നാൽ പ്രളയമായിരിക്കും മുന്നിൽ. ഇനി അങ്ങോട്ടും കുറവാണെങ്കിലോ വരൾച്ചയും ജലക്ഷാമവുമാണ് വരാനിരിക്കുന്നത്. 2025ലും കാലവർഷ മഴയിൽ സംസ്ഥാനത്ത് 13 ശതമാനമാണ് കുറഞ്ഞത്. ആ വർഷവും ഇടുക്കിയിലും വയനാട്ടിലും മഴ കുറവായിരുന്നു.
എൽനിനോയും മാറിയ മഴരീതികളും
പസഫിക് സമുദ്രത്തിലെ കടൽ ചൂടാകുന്ന എൽനിനോ പ്രതിഭാസമാണ് പ്രധാന വില്ലൻ. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വിധ്രുവ വ്യവസ്ഥ ഇന്ത്യൻ മണ്‍സൂണിനെ സമീകരിക്കുമെങ്കിലും എൽനിനോയുടെ ആധിക്യം നിർണായക ഘടകമാണ്. പശ്ചിമഘട്ട മലനിരകളും അറബിക്കടലുമൊക്കെ ഉള്ളതിനാൽ മഴലഭ്യത എല്ലാ വർഷവും കാണും. പക്ഷേ, മഴയുടെ രീതിയാകെ മാറുകയാണ്. ട്രോപ്പോസ്ഫിയറിലെ മഴയുടെ ഉന്നതിയിൽ വ്യത്യാസമുണ്ടാകുന്നു. ഒരു മില്ലി മീറ്ററിൽനിന്നു മഴത്തുള്ളികളുടെ കനം ശരാശരി നാലു മില്ലിമീറ്ററായി മാറിയിട്ടുണ്ട്.
ഭൂഗുരുത്വാകർഷണത്തിലെയും അന്തരീക്ഷത്തിലെ വർധിച്ച എറോസോളുകൾ കാരണവും പെട്ടെന്ന് മഴ താഴെയെത്തുന്നതാണ് പുതിയ രീതി. മേഘവിസ്ഫോടനമെന്നൊക്കെ പറയപ്പെടുന്ന മഴയ്ക്ക് വേഗം കൂടുതലാണ്. ഭൂമധ്യരേഖ പ്രദേശത്തായതിനാൽ കടൽവെള്ളം വേഗത്തിൽ നീരാവിയായി മാറും കടലിൽനിന്നു ലംബദിശയിലേക്ക് സഞ്ചരിക്കുന്ന നീരാവി വളരെ വേഗം തിരശ്ചീന ദിശയിലേക്കു മാറും. തുടർന്ന് മലനിരകളിലേക്ക് സഞ്ചരിക്കും. പർവതജന്യമായ മഴ പെയ്യുന്ന കേരളത്തിൽ നീരാവിയുടെ സഞ്ചാരവേളകളിലെ തടസങ്ങളായിരുന്ന ഇടനാടൻ കുന്നുകളും മലനിരകളും പച്ചപ്പും കുറഞ്ഞതുകൊണ്ടുതന്നെ കാറ്റിന്റെ വേഗം കൂടും. മലനിരകളിൽ വേഗമെത്തുന്ന ചൂടുള്ള നീരാവിയായ വായുവിനെ പെട്ടെന്ന് ചുഴറ്റി മുകളിലേക്ക് വലിക്കും. വേഗത്തിൽ ഇവ തണുത്ത് മഴയായി വരും.
കേരളത്തിലെ വനങ്ങളിൽ ബഹുനില, ബഹുതല സസ്യസന്പത്ത് ഉണ്ടായിരുന്നു. വർധിച്ച മഴത്തുള്ളികൾ ആദ്യം ഉയർന്ന മരത്തലപ്പുകളിൽ പതിച്ച് ശക്തി കുറഞ്ഞ് അടുത്ത നിരയിലെ താരതമ്യേന പൊക്കം കുറഞ്ഞ മരങ്ങളിൽ പതിക്കും. തുടർന്ന് വിവിധ പൊക്കങ്ങളിലുള്ള മരങ്ങളിൽ പതിച്ച് പിന്നെ മുൾച്ചെടികളിലും ഏറ്റവും അവസാനം പുൽത്തകിടികളിലും വീഴും. ഈ സമയത്തിനുള്ളിൽ മഴത്തുള്ളികളുടെ സഞ്ചാരവേഗവും ശക്തിയും കുറയും. മാത്രമല്ല, പുൽത്തകിടിയിലേക്ക് വീഴാൻ സമയമെടുക്കും. ഇന്നിപ്പോൾ ഈ രീതിയെല്ലാം മാറി. മനുഷ്യ ഇടപെടലുകളിലൂടെ കാട് എന്ന ആവാസവ്യവസ്ഥ പ്ലാന്റേഷനുകളും മൊട്ടക്കുന്നുകളുമായി മാറി. അതോടൊപ്പം മഴയ്ക്ക് ഉണ്ടായിരുന്ന ജൈവതടസങ്ങളും ഇല്ലാതായി എത്ര വലിയ മഴ വന്നാലും ഉൾക്കൊള്ളാനുള്ള സ്വാഭാവിക വനത്തിന്റെ ശക്തി കുറഞ്ഞു. മഴക്കാലം പ്രളയത്തിന്റെയും ഉരുൾപൊട്ടലുകളുടെയും കാലമായി മാറി.
നാം പുറത്തുവിടുന്ന കാർബണ്‍ഡൈ ഓക്സൈഡുകൾ ഉൾപ്പെടെ അന്തരീക്ഷത്തിലെ എയ്റോസോളുകളുടെ ആധിക്യം വർധിക്കും. മാലിന്യ സംസ്കരണത്തിലെ കുറവും അന്തരീക്ഷത്തിൽ എയ്റോസോളുകൾ കൂട്ടുന്നതാണ്. വർധിച്ച മഴ പെയ്യാൻ ഇതും ഒരു കാരണമാണ്. സൂര്യന്റെ സഞ്ചാരപഥം, ഭൂമിയുടെ ചരിവ്, കടലിന്റെ സാമീപ്യം, മലകളുടെ സ്വാധീനം, മനുഷ്യ ഇടപെടലുകൾ, ഭൂവിനിയോഗം തുടങ്ങിയ വ്യത്യസ്ത കാരണങ്ങൾകൊണ്ട് സൂക്ഷ്മ കാലാവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടാകുന്നു. പരന്പരാഗത കാർഷിക രീതികളുടെയും മണ്ണ്, ജല, ജൈവ സംരക്ഷണ മാർഗങ്ങളുടെയും കാലം കഴിഞ്ഞു. പുതിയ രീതികളും വിത്തിനങ്ങളും കാർഷിക, ജലസേചന മാർഗങ്ങളും നാം വികസിപ്പിച്ചേ കഴിയൂ.
പുതിയ ജലനയം
2018ലാണ് സംസ്ഥാനത്ത് വിപുലമായ ജലനയമുണ്ടായത്. അവ രൂപീകരിച്ച സംസ്ഥാനതല സമിതയുടെ കണ്‍വീനറായിരുന്നു ലേഖകൻ. ജലനയം വീണ്ടും സർക്കാർ പുതുക്കുകയാണ് നദീതട അഥോറിറ്റികൾ, റാംസർ സൈറ്റ് പ്രഖ്യാപനം, നീർത്തടാധിഷ്ഠിത വികസനം, തണ്ണീർത്തട പരിപാലനം തുടങ്ങിയ നിരവധി കാര്യങ്ങൾ ജലനയത്തിലുണ്ട്. പുതിയ കാലഘട്ടങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും പുതിയ ജലനയത്തിലുണ്ടാകണം. ജലവിഭവ വകുപ്പും പദ്ധതികളും ആധുനികവത്കരിക്കപ്പെടണം. മഴവെള്ള സംഭരണം, പരിപോഷണം, മണ്ണ്-ജല, ജൈവ സംരക്ഷണം എന്നിവയെല്ലാം സംയോജിപ്പിച്ച് സംയോജിത നീർത്തടാധിഷ്ഠിത ജലപരിപാലന മാസ്റ്റർ പ്ലാനുകൾക്ക് രൂപം നൽകണം. ജലവിനിയോഗത്തിന് പുതിയ കോഡും പ്രോട്ടോകോളുമാവശ്യമാണ്. നമുക്കു വേണ്ടത് പുതിയ ഗവേഷണമാണ്.
വികസനശൈലിയും ജീവിത കാഴ്ചപ്പാടും പ്രധാനമാണ്. കാലാവസ്ഥ, മഴ, മണ്ണ്, ജൈവവൈവിധ്യം, ഭൂവിനിയോഗം, ദുരന്ത പരിപാലനം എന്നീ മേഖലകളിൽ പുതിയ അവബോധവും കർമപരിപാടികളും ആവശ്യമാണ്. നിയമങ്ങളുണ്ടാകണം, അവ കർശനമായി നടപ്പാക്കണം.
ജലസുരക്ഷയും സ്വാശ്രയത്വവും കേവലം കുറെ പരിപാടികൾകൊണ്ടു മാത്രം നേടാനാവില്ല. അതൊരു ജനതയുടെ സംസ്കാരമാണ്. കാർഷികരീതികളുടെയും വിളകളുടെയും വിത്തിനങ്ങളുടെയും ആരോഗ്യ ശീലങ്ങളുടെയും ജലപരിപാലനത്തിന്റെയും വിനിയോഗത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവാസവ്യവസ്ഥ പരിപാലനത്തിന്റെയും ജീവിതശൈലികളുടെയും നയങ്ങളുടെയും നിയമങ്ങളുടെയും ആകെത്തുകയാണ്. ഈ സംസ്കാര നിർമിതിയുടെ മുന്നൊരുക്കമായി ജലനയവും ജലസാക്ഷരതയും മാറ്റുകയാണ് ആവശ്യം.
ജലമലിനീകരണ വെല്ലുവിളികൾ
ജലക്ഷാമവും ജലമലിനീകരണവും മുന്നിലെ യാഥാർഥ്യങ്ങളാണ്. സംസ്ഥാനത്തെ ജലസ്രോതസുകളിലേക്കാണ് എല്ലാ ഖര-ദ്രവ മാലിന്യങ്ങളുടെയും വലിയൊരു പങ്ക് എത്തിച്ചേരുന്നത്. അശാസ്ത്രീയമായ ശുചിത്വ നിർമിതികളുടെ ഫലമായി കോളിഫോം ബാക്ടീരിയ ഉൾപ്പെടെ കുടിവെള്ള സ്രോതസുകളിലുൾപ്പെടെ എത്തുകയാണ്. ഖര, ദ്രവ മാലിന്യങ്ങൾ യഥാസമയം കൈകാര്യം ചെയ്തു മാത്രമേ ജലശുദ്ധി നേടാനാവുകയുള്ളൂ.ശുദ്ധജലത്തിന്റെ അച്ചടക്കവും നീതിപൂർവമായ ഉപയോഗവും പ്രധാനമാണ്. കേരളം ജലമിച്ച സംസ്ഥാനമാണെന്ന ധാരണ മാറണം. ആളോഹരി ജലത്തിന്റെ കണക്കിൽ നാം രാജസ്ഥാനേക്കാൾ പിന്നിലാണ്.
അതേസമയം, വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നയിടങ്ങളിൽ കേരളവുമുണ്ട്. മഴയുടെ നാട്ടിൽ മഴക്കാലങ്ങളിൽ തന്നെ ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യേണ്ടിവരുന്നു. മഴവെള്ള സംഭരണത്തിന്റെയും ഭൂജല പരിപോഷണത്തിന്റെയും പ്രസക്തി വളരെ വലുതാണ്. ഒരു സെക്കൻഡിൽ ഒരു തുള്ളി എന്ന ക്രമത്തിൽ നഷ്ടപ്പെട്ടാലും ഒരു വർഷം ശരാശരി 4,50,000 ലിറ്റർ വെള്ളം നഷ്ടമാവും. രണ്ടു ലിറ്റർ വെള്ളം പോലും വേണ്ടാത്ത ആവശ്യങ്ങൾക്ക് 20 ലിറ്റർ വരെ ശുദ്ധജലമുപയോഗിക്കുന്ന പ്രവണത നാട്ടിലുണ്ട്. ലാട്രിനിലും പൂന്തോട്ടത്തിലും വാഹനങ്ങൾ കഴുകാനും മറ്റ് ഗാർഹികേതര ആവശ്യങ്ങൾക്കും വലിയ വിലയിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്ന മറ്റൊരു നാട് കാണുമോയെന്നറിയില്ല. ഉണ്ടെങ്കിൽ എല്ലാവരും ജലസാക്ഷരരാകേണ്ടതാണ്.
മഴയിലെ മാറ്റം, ജലത്തിന്റെ കുറവ്, മലിനീകരണം, ദുർവിനിയോഗം എന്നിവയെല്ലാം പരിഹരിക്കുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ ജലസാക്ഷരത അനിവാര്യമാണ്. ഒരു ഹെക്ടർ വനം 32,000 ഘന കിലോമീറ്റർ പ്രദേശത്തെയും, 100 സെന്റ് വയൽ 1,60,000 ലിറ്റർ മഴയെ ഉൾക്കൊള്ളും. വയലുകളും തണ്ണീർത്തടങ്ങളും നദീതടങ്ങളും മഴയുടെ സ്വന്തം ഇടങ്ങളാണ്. അവ ജലത്തിന് കൊടുത്തേ കഴിയൂ. മഴവെള്ള സംഭരണം നിയമത്തിലുണ്ട്, പ്രയോഗത്തിലില്ല. മഴയെയും അവയുടെ വരവിനെയും പോക്കിനെയും നിൽപ്പിനെയുമനുസരിച്ച് നാം മാറണം.